Press Club Vartha

അനിയന്ത്രിത ജനത്തിരക്ക് : ശാന്തിഗിരി ഫെസ്റ്റ് ഡിസംബർ 1 വരെ നീട്ടി

പോത്തൻകോട് : കാഴ്ചയുടെ ഉത്സവം തീർത്ത ശാന്തിഗിരി ഫെസ്റ്റ് അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഡിസംബർ 1 വരെ നീട്ടാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും മഴ മാറി നിന്നതോടെ ജനം കൂട്ടമായി എത്തി.

കാഴ്ചകൾക്കൊപ്പം അറിവും ആനന്ദവും ആവേശവും നിറയ്ക്കുന്നതായിരുന്നു ഫെസ്റ്റിലെ ഓരോ ദിനവും. ഒരു ദിവസം കൊണ്ട് കണ്ട് തീരാനാവാത്തത്ര കാഴ്ചകൾ ഉള്ളതിനാൽ ഫെസ്റ്റിൻ്റെ തുടക്കത്തിൽ വന്നവർ വീണ്ടുമെത്തി.

പത്ത് ദിവസത്തേക്ക് നീട്ടാനായിരുന്നു ആദ്യ ആലോചന . എന്നാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് ഡിസംബർ 1 വരെ നീട്ടാൻ തീരുമാനിച്ചതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

നവംബർ 10 ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഫെസ്റ്റ് നീട്ടിയതായി അറിയിച്ചത്. തീയതി നീട്ടിയതോടെ ആദ്യ ഘട്ടത്തിൽ കണ്ട കാഴ്കൾ മാത്രമാവില്ല വരും ദിവസങ്ങളിൽ ഉണ്ടാവുക. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും സേനാ വിഭാഗങ്ങളുടെ യും പ്രദർശനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

രണ്ടാം ഘട്ടത്തിൽ കൂടുതൽ പുതുമകൾ നിറയുമെന്ന് ഫെസ്റ്റ് കോർഡിനേഷൻ ഓഫീസ് അറിയിച്ചു. ഫെസ്റ്റ് സന്ദർശനത്തിനായി വിവിധ സ്കൂളുകളിൽ നൽകിയിട്ടുള്ള പ്രവേശനപാസിനും നീട്ടിയ കാലാവധി ബാധകമാകും .

അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണിവരെയുമാകും പ്രവേശനം.

Share This Post
Exit mobile version