Press Club Vartha

സീപ്ലെയിന്‍ പദ്ധതി; ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി മാപ്പു പറയണം; കെ സുധാകരൻ

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ചു പത്തുവര്‍ഷത്തിനുശേഷം അതേ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തയ്യാറാകണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ലെന്നും സിപിഎം എതിര്‍ത്തു തകര്‍ത്ത അനേകം പദ്ധതികളില്‍ സീപ്ലെയിനും ഇടംപിടിച്ചുവെന്നും കെ സുധാകരൻ വ്യക്തമാക്കി. സീ ബേര്‍ഡ് എന്ന കമ്പനിയുടെ സീപ്ലെയിന്‍ 2019ല്‍ ബാങ്ക് ജപ്തി ചെയ്തു.

ഫ്‌ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീപ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങിയ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെയെല്ലാം എതിര്‍ത്തശേഷം പിന്നീട് സ്വന്തം മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയുടെ കാര്യത്തിലും ആവര്‍ത്തിച്ചുവെന്നും വികസനത്തില്‍ രാഷ്ട്രീയം കലർത്തുന്ന സിപിഎം പിന്നീട് സ്വന്തം അഡ്രസ്സിൽ അവ നടപ്പിലാക്കുകയും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നത് അന്തസില്ലായ്മയും രാഷ്ട്രിയ നെറികേടുമാണെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version