Press Club Vartha

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്‍റെ കുടുംബശ്രീ ആപ്പിന് പുതിയ മുഖം: കുടുംബശ്രീ ഉത്പന്നങ്ങളെക്കുറിച്ചറിയാന്‍ പോക്കറ്റ്മാര്‍ട്ട് 2.0 ആപ്പ്

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിന്‍റെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ് ആപ്പായ പോക്കറ്റ്മാര്‍ട്ട് ആപ്പിന് പുതിയ മുഖം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാര്‍ട്ടപ്പാണ് ആപ്പിന്‍റെ പുതിയ പതിപ്പായ പോക്കറ്റ്മാര്‍ട്ട് 2.0 പുറത്തിറക്കിയത്.

കുടുംബശ്രീ അംഗങ്ങള്‍ക്ക് സമഗ്രവും മെച്ചപ്പെട്ടതുമായ വിപണി ലഭ്യമാക്കുന്നതും അവരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ സഹായകവുമായ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണിത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അരുണ്‍ ആണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പാലക്കാട് ഇന്‍കുബേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന അമിഗോസിയയ്ക്ക് പിന്നില്‍.

കുടുംബശ്രീയുടെ സേവനങ്ങള്‍, ഉത്പന്നങ്ങള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കാന്‍ ‘പോക്കറ്റ്മാര്‍ട്ട്’ സഹായകമാണ്. ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ അടിസ്ഥാന സാങ്കേതിക പരിചയം മതിയെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിലെ നിര്‍ണായക പങ്ക് കണക്കിലെടുത്ത് അമിഗോസിയ സ്റ്റാര്‍ട്ടപ്പിനെ അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു.

കുടുംബശ്രീയില്‍ നിന്ന് ലഭിച്ച അംഗീകാരം വലുതാണെന്ന് അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അരുണ്‍ പറഞ്ഞു. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രാദേശിക സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളിലും അഭിമാനവും നന്ദിയുമുണ്ട്. ഇതിലൂടെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. കുടുംബശ്രീയുടെ മുഴുവന്‍ ഉത്പന്നങ്ങളും പോക്കറ്റ്മാര്‍ട്ട് ആപ്പിലൂടെ ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ കുറച്ചു മാസത്തിനുള്ളില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബശ്രീ ക്ലൗഡ് കിച്ചന്‍ സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഉച്ചഭക്ഷണം ചൂടോടെ അരികിലെത്തിക്കുന്ന ലഞ്ച് ബെല്‍ പദ്ധതി,’ക്വിക്ക് സെര്‍വ്’ എന്ന ബ്രാന്‍ഡിന് കീഴില്‍ പാചകം മുതല്‍ പ്രസവാനന്തര ശുശ്രൂഷവരെയുള്ള വീട്ടുജോലികള്‍ക്ക് ആളുകളെ ബുക്ക് ചെയ്യുന്ന കുടുംബശ്രീ സംരംഭം തുടങ്ങിയവയ്ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നത് അമിഗോസിയയാണ്. പോക്കറ്റ്മാര്‍ട്ട് ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമാണുള്ളത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ 1,100 ഉത്പന്നങ്ങള്‍ പോക്കറ്റ്മാര്‍ട്ട് ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.

കമ്മ്യൂണിറ്റി ശാക്തീകരണത്തിലാണ് അമിഗോസിയ സ്റ്റാര്‍ട്ടപ്പ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കര്‍ഷകരുടെയും ചെറുകിട ഗാര്‍ഹിക ബിസിനസ്സുകളുടെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സോഫ്റ്റ് വെയര്‍ പരിഹാരങ്ങളിലൂടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും അമിഗോസിയ ഒപ്പമുണ്ട്. തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും പ്രവര്‍ത്തിക്കുന്നു.

Share This Post
Exit mobile version