മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. മലപ്പുറത്തതാണ് സംഭവം. പെരിന്തൽമണ്ണയിൽ വച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന ജൂവലറി ഉടമയെയാണ് ആക്രമിച്ചത്. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തൃശ്ശൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ കൈവശത്തു നിന്നും സ്വര്‍ണം കണ്ടു കിട്ടിയിട്ടില്ല. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു ശേഷമാണ് കവർച്ച നടത്തിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്. ജൂവലറി മുതൽ ഇവരെ പിന്തുടർന്ന സംഘം വീട് എത്തുന്നതിനു ഏതാനും മിനിട്ടുകൾക്ക് മുൻപാണ് ഇവരെ ആക്രമിച്ച് കവർച്ച നടത്തിയത്. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.