തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ ഇന്‍ആപ്പ് ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് പ്രോജക്ട് അവാര്‍ഡ് മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക് ലഭിച്ചു.
സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിലുള്ള വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രകടമാക്കാന്‍ മികച്ച വേദിയൊരുക്കുക എന്നതാണ് ഇന്‍ആപ്പ്, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) തിരുവനന്തപുരം ഘടകം, എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (കെടിയു) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‍റെ ലക്ഷ്യം.
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂറില്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ ബ്രയാന്‍ ബിഷി, എബ്രഹാം എ വി, ജിന്‍സ് കെ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതി അവാര്‍ഡിന് അര്‍ഹമായി.
ഇന്‍ആപ്പ് ബോര്‍ഡ് അംഗവും അപ്രാലോ ചെയര്‍മാനും ഐകാന്‍ മുന്‍ നോംകോം അംഗവും സിഎസ്ഐ പ്രസിഡന്‍റുമായിരുന്ന സതീഷ് ബാബു ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു. വ്യവസായ പ്രമുഖര്‍, അക്കാദമിക്-സാങ്കേതിക രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോട്ടയം സെന്‍റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ജോയല്‍ കെ ജെയിംസ്, മെറിയല്‍ റെബേക്ക കോശി, മുഹമ്മദ് ഫവാസ് എം പി, റിച്ച റൊളാഡ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കുട്ടികളുടെ സേഫ്റ്റി ഗാഡ്ജറ്റായ സേഫ്സ്റ്റെപ്സ് സെന്‍റിനല്‍ രണ്ടാം സമ്മാനം കരസ്ഥമാക്കി.
മൈക്രോസ്കോപ്പിക് ചിത്രങ്ങളില്‍ ആഴത്തിലുള്ള പഠന മാതൃകകള്‍ ഉപയോഗിച്ച് ക്ഷയരോഗം കണ്ടെത്തല്‍ എന്ന ആശയത്തിന് തമിഴ് നാട് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രോഹിത് ജിന്‍ഡാല്‍, ശിവാന്‍ഷ് ഗുപ്ത എന്നിവര്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
2024 ഫെബ്രുവരി മുതല്‍ ലോകമെമ്പാടുമുള്ള കോളേജുകളില്‍ നിന്നായി 200-ലധികം പ്രോജക്ടുകളാണ് അവാര്‍ഡിനായി ലഭിച്ചത്. ഒരുമാസത്തോളം നീണ്ടുനിന്ന വിദഗ്ധരുടെ സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം 55 പ്രോജക്ടുകള്‍ രണ്ടാം ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുത്തു.
വിവിധ മേഖലകളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ പാനല്‍ ഓഗസ്റ്റില്‍ രണ്ടാം ഘട്ട മൂല്യനിര്‍ണയം ഓണ്‍ലൈനായി നടത്തി. തുടര്‍ന്ന് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ഒമ്പത് ടീമുകള്‍ യോഗ്യത നേടി.
വ്യവസായ വിദഗ്ധരടങ്ങുന്ന പാനലിന്‍റെ നേതൃത്വത്തില്‍ സിഎസ്ഐ ഇന്‍ആപ്പ് അവാര്‍ഡ് യുട്യൂബ് ചാനലില്‍, ഫിനാലെ തത്സമയം സംപ്രേക്ഷണം ചെയ്തു. നവീനത, സാങ്കേതിക മികവ്, സ്വാധീനം എന്നിവ പരിഗണിച്ച് മൂന്ന് പ്രോജക്ടുകള്‍ തിരഞ്ഞെടുത്തു.
ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സേവനങ്ങള്‍ നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ള സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് കമ്പനിയാണ് 25 വര്‍ഷമായി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ആപ്പ്. സാങ്കേതികവിദ്യയിലൂടെ നവീകരണം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വ്യവസായ സ്ഥാപനങ്ങള്‍ക്ക് കമ്പനി സേവനം നല്‍കുന്നു.