Press Club Vartha

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി.

ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചത്.

Share This Post
Exit mobile version