തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന ഫ്രീ ഡ്രെഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി. ആർസിസിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന ഫ്രീ ഡ്രെഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ് വെൽഫയർ & സർവീസ് ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. കീമോതെറാപ്പി മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ, ഡിസ്പോസിബിൾസ്, സപ്പോർട്ടീവ് മരുന്നുകൾ എന്നിവ ഈ ഡ്രഗ് ബാങ്കിലൂടെ സൗജന്യമായി വിതരണം ചെയ്യും.
ആശുപത്രിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം നൽകുന്നതിന് ഫ്രീ ഫുഡ് ബാങ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാകുന്ന ‘എഫ്’ വിഭാഗത്തിലുള്ളവർ (ബിപിൽ കാർഡ് അംഗങ്ങൾ)ക്ക് നിലവിൽ ഭക്ഷണം സൗജന്യമാണ്. ഇതിന് പുറമേയാണ് ഒ.പിയിൽ എത്തുന്നവർക്കു കൂടി പ്രയോജനപ്പെടുത്താനാകും വിധം ഫ്രീ ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
ആർസിസിയിലെത്തുന്നവർക്ക് ഭക്ഷണം നൽകാനാഗ്രഹിക്കുന്നവർക്ക് ഇതിനുള്ള പണം സംഭാവനയായി നൽകാവുന്നതാണ്. ഇതിനു പുറമേ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ പരിശോധനകൾ നടത്തുന്നതിനും ചികിത്സ തേടുന്നതിനുമുള്ള പദ്ധതിയും പരിഗണനയിലാണ്. സംഭാവനകൾ ആർസിസിയിൽ നേരിട്ടോ ഓൺലൈനായോ അല്ലെങ്കിൽ ഡയറക്ടർ, ആർ.സി.സി തിരുവനന്തപുരം എന്ന പേരിൽ ചെക്ക്/ഡിഡി ആയോ നൽകാം. അക്കൗണ്ട് വിവരങ്ങൾ:
State Bank of India
Medical College Branch
PB No 2417, Medical College Campus, Trivandrum 695 011
Account Number 57036241251
MICR code: 695009015
IFSC code: SBIN0070029