Press Club Vartha

വയനാട് ദുരന്തം: കേന്ദ്രസർക്കാർ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി

ഡൽഹി: വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ പാർലമെന്റിൽ നടന്ന ചർച്ചയിൽ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8, 9, 10, തീയതികളിൽ വയനാട് സന്ദർശിക്കുകയും, കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിർമല സീതരാമൻ അറിയിച്ചു.

അതോടൊപ്പം കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമല സീതാരാമൻ തോമസിനെ അറിയിച്ചു. മാത്രമല്ല കേരളത്തിന് കൂടുതൽ കടമെടുക്കുന്നതിനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിന് നൽകേണ്ട കേന്ദ്ര സഹായം, വിഴിഞ്ഞം പ്രോജക്ടിന് നൽകേണ്ട കേന്ദ്ര സഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

പലവട്ടം മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ എന്നിവർ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഈ തീരുമാനം എടുത്തിട്ടുള്ളത്.

Share This Post
Exit mobile version