തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷ ജനവിഭാങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളിൽ അതിപ്രധാനമായ വഖഫ് സ്വത്തുക്കളുടെ കൈകാര്യത്തിൽ കേന്ദ്ര സർക്കാറിനും തല്പര കക്ഷികൾക്കും അനധികൃത ഇടപെടലുകൾക്ക് സാധുത നൽകുന്ന വഖഫ് നിയമം പിൻവലിക്കാൻ സർക്കാർ ഉടനടി തയാറാകണമെന്ന് വിവിധ മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടു. 2024 വഖഫ് നിയമം: യാഥാർഥ്യമെന്ത്? എന്ന ശീർഷകത്തിൽ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിലാണ് ആവശ്യം ഉയർന്നു വന്നത്.
മുനമ്പം വിഷയത്തിൽ മത സ്പർദ്ധക്ക് വഴിവെക്കാത്ത നിലയിൽ മാനുഷിക പരിഗണന അർഹിക്കുന്നവരെ പരിഗണിച്ചു തീരുമാനമെടുക്കണമെന്നും വിഷയത്തെ വർഗീയ വത്കരിക്കാനുള്ള അജണ്ടകളെ മുനമ്പം നിവാസികൾ തള്ളിക്കളയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മുനമ്പം വിഷയത്തിൽ സർക്കാർ വരുത്തിവെച്ച കാലതാമസം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് യോഗം വിലയിരുത്തി.
നിർദിഷ്ട വഖഫ് ബില്ലിനെ മുനമ്പം വിഷയത്തിന്റെ പശ്ചാലത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം തന്നെ കേരളത്തിന്റെ മത സൗഹാർദ്ദത്തിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ . പി നസീർ ഉദ്‌ഘാടനം ചെയ്തു. വിവിധ സമുദായ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അൽ അമീൻ ബീമാപള്ളി, എച്ച് . ഷഹീർ മൗലവി, നാസർ കടയറ, അഡ്വ. നൗഫൽ കരമന, അഡ്വ . സുബൈർ വഴിമുക്ക്, സലീം നേമം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മെക്ക ജില്ലാ പ്രസിഡന്റ് ഡോ നിസാറുദീൻ അധ്യക്ഷത വഹിച്ചു. പ്രൊഫ . ഇ . അബ്ദുൽ റഷീദ്, ഡോ .വി നൗഷാദ് , പ്രൊഫ്. എസ് എ ഷാനവാസ് , ഷഫീഖ് റഹ്മാൻ, ഡോ. അനസ് , ഡോ . ജഹാന്ഗീർ എന്നിവർ സംസാരിച്ചു.