
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന ആരോപണം. എന്നാൽ പരാതി വ്യാജമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ ശ്രീനിവാസൻ, മാതാവ് സുമതി എന്നിവർ ചേർന്നാണ് കഥ കെട്ടിച്ചമച്ചത്. വർക്കല ടെലഫോണ്‍ എക്സേഞ്ചിന് സമീപമുള്ള ഫ്ലാറ്റിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ വീട്ടിൽ നിന്നും 5 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയെന്നാണ് പരാതി നൽകിയത്. സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം മോഷണം നടത്തിയെന്നാണ് ഇവർ പറഞ്ഞത്.
വീട്ടിനുള്ളിൽ കയറി രണ്ടംഗ സംഘം സുമിതയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിനെ അറിയിച്ചത്. ശ്രീനിവാസന്റെ ഭാര്യ ഗായത്രിയുടെ സ്വർണമാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ്, ഡോഗ് സ്കോഡ് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പുകൾ നടത്തി. തലയിൽ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
തുടർന്ന് പോലീസ് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. തുടർന്ന് ഇവരുടെ മൊഴികളിലും വൈരുധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
ഗായത്രിയുടെ ബന്ധുവിന്റെ വിവാഹത്തിന് നൽകാനായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കാണാതായത്. ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താൽപര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഇങ്ങനെ ഒരു മോഷണ കഥ ഇരുവരും ചേർന്ന് തയ്യാറാക്കിയത്. ശ്രീനിവാസൻ തന്നെയാണ് സ്വർണവും പണവും അലമാരയിൽ നിന്നും മാറ്റിയത്. പൊലിസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നൽകിയതിനും അമ്മയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു.