
തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി ഭാരതയാത്ര നടത്തി തിരിച്ചെത്തിയ ഗോപിനാഥ് മുതുകാടിനും സംഘാംഗങ്ങള്‍ക്കും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ, തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. 3ന് ഡെല്‍ഹിയിലായിരുന്നു യാത്ര സമാപിച്ചത്. സമാപന പരിപാടിയുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരും കലാപരിപാടികള്‍ അവതരിപ്പിച്ചു.
മുതുകാടിനും സംഘത്തിനുമൊപ്പം തിരിച്ചെത്തിയ ഭിന്നശേഷിക്കുട്ടികളെയും ചുവന്ന പൂക്കള്‍ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു ജെയിംസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ഹരി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഭാരതത്തിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ അമ്പതോളം വേദികളില്‍ സന്ദേശ പരിപാടി അവതരിപ്പിച്ച് ഡിസംബര്‍ 3നാണ് സമാപിച്ചത്.
59 ദിവസം തുടര്‍ച്ചയായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ആര്‍മി കേന്ദ്രങ്ങള്‍, ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ പരിപാടി അരങ്ങേറിയിരുന്നു.