Press Club Vartha

ദേശിയപാത 66ന്റെ വിവിധ സ്ട്രച്ചുകളുടെ നിർമ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

തിരുവനന്തപുരം: ദേശിയപാത 66ന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിർമ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തിൽ കൂടുതൽ നിർമ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകൾ 2025 മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്ന് ദേശീയപാത നിർമ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികൾ സംബന്ധിച്ചും യോഗം ചർച്ചചെയ്തു. വിവിധ ജലാശയങ്ങളിൽ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഏഴോളം ജലശ്രോതസ്സുകളിൽ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി എൻഎച്ച്എഐ ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി വേമ്പനാട്ട് കായൽ എന്നിവിടങ്ങളിൽ നിന്ന് അനുമതി നൽകി കഴിഞ്ഞതായും ബാക്കിയുള്ളവ പരിശോധിച്ച് വരുകയാണെന്നും ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പിൽ നിന്നും മണ്ണ് എടുക്കാനുള്ള അനുമതി ലഭിച്ചശേഷം ചില സ്ഥലങ്ങളിൽ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് അതിനാവുന്നില്ലെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളിൽ കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കരാറുകാർ ആവശ്യപെട്ടു. ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകൾ വളരെ വേഗത്തിൽ തീർപ്പാക്കാൻ വിവിധ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 17,293 കേസുകളാണ് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ദേശിയപാത 66 നായി ഭൂമി ഏറ്റെടുക്കലിൻറെ പുരോഗതി 90 മുതൽ 95 ശതമാനം വരെ പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. എൻഎച്ച് 66 ന്റെ നിർമ്മാണത്തിനായി 5580 കോടി രൂപ ഇതിനോടകം സംസ്ഥാനം മുടക്കിയിട്ടുണ്ട്. എൻഎച്ച് 966 നിർമ്മാണത്തിനായി 1065 കോടി രൂപയും എൻഎച്ച് 66നായി 237 കോടി രൂപയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തിനോടാവശ്യപ്പെടുന്നുണ്ട്.

മണ്ണ് ലഭിക്കാത്തിനാലാണ് നിർമ്മാണപ്രവർത്തികൾക്ക് പ്രതീക്ഷിച്ച പുരോഗതിയുണ്ടാകാത്തതെന്ന് കരാറുകാർ അഭിപ്രായപ്പെട്ടു. 50 ശതമാനത്തിൽ താഴെ നിർമ്മാണ പുരോഗതിയുള്ള സ്‌ട്രെച്ചുകളെ സംബന്ധിച്ച് യോഗം പ്രത്യേകമായി വിലയിരുത്തി. അരൂർ – തുറവൂർ 41 ശതമാനം, തുറവൂർ- പറവൂർ 27 ശതമാനം, പറവൂർ- കൊറ്റംക്കുളങ്ങര 47 ശതമാനം, കടമ്പാട്ടുകോണം – കഴക്കൂട്ടം 36 ശതമാനം എന്നിങ്ങനെയാണ് പ്രവർത്തന പുരോഗതി. ഓരോ മാസവും അഞ്ച് ശതമാനം പുരോഗതി ഉണ്ടയിട്ടില്ലെങ്കിൽ കരാറുകാരനെ ടെർമ്മിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് നാഷണൽ ഹൈവേ അതോററ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

അരൂർ – തുറവൂർ റൂട്ടിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ആലപ്പുഴ എറണാകുളം കലക്ടമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പെർഫോമെൻസ് കുറവുള്ള കരാറുകാർക്ക് നോട്ടീസ് നൽകുമെന്നും എൻഎച്ച്എഐ അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിയെക്കൂടാതെ പൊതുമരാമത്ത് വകുപ്പ മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജല വിഭവ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ദേശിയപാത റീജ്യണൽ ഓഫീസർ ബി. എൽ വീണ, കെഎസ്ഇബി ചെയർമാൻ ബിജുപ്രഭാകർ വിവിധ ജില്ലാ കലക്ടർമാർ, ദേശിയപാത വിഭാഗത്തിലെ പ്രോജക്ട് ഡയറക്ടർമാർ, കരാറുകാർ എന്നിവർ പങ്കെടുത്തു.

Share This Post
Exit mobile version