
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം നടന്നത്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം നടന്നത്.
സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന ഷൈലജ റോഡിലേക്ക് തെറിച്ചു വീഴുകയും താടിയെല്ല് പൊട്ടുകയുമായിരുന്നു. ബസ്സിന്റെ പിൻവശത്ത് ഡോറിന്റെ അടുത്താണ് ശൈലജ നിന്നത്. വാഹനം പെട്ടെന്ന് വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റി ശൈലജ റോഡിലേക്ക് വീഴുകയായിരുന്നു. ബസിന്റെ ഡോർ തുറന്നിരുന്നതാണ് അപകടത്തിന് കാരണം. പരിക്കേറ്റ ഷൈലജയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.