Press Club Vartha

അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡിയാണ് അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യസ മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിർമിതബുദ്ധിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയം ആഴത്തിൽ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും നയരൂപീകരണത്തിനു ചുക്കാൻ പിടിക്കുന്നവരും സർക്കാരിലെയും സ്വകാര്യമേഖലകളിലെയും ഉന്നതോദ്യോഗസ്ഥരും ഒത്തുചേരും. നിർമിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിർണായക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും കോൺക്ലേവ് ചർച്ച ചെയ്യും.

വിവിധ ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നെല്ലാമുള്ള സാങ്കേതിക വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന സാധ്യതകൾ എന്നിവയും ചർച്ചയാവും. അന്താരാഷ്ട്ര ഏജൻസിയായ ഐഇഇഇ യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ, എ.ഐ അന്താരാഷ്ട്ര കോൺഫറൻസ്, എ ഐ ഹാക്കത്തോൺ, വിദ്യാർഥികൾക്കുള്ള എ.ഐ ക്വിസുകൾ, എ.ഐ റോബോട്ടിക് എക്സിബിഷനുകൾ എന്നിവയും അനുബന്ധമായി നടക്കും.

നിർമിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും, നിർമിതബുദ്ധിയും മാധ്യമങ്ങളും, നിർമിതബുദ്ധിയും നിയമനിർമാണവും, നിർമിതബുദ്ധിയും യുവജന ശാക്തീകരണവും, നിർമിതബുദ്ധിയും ആരോഗ്യ പരിപാലനവും, നിർമിത ബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തിൽ, നിർമിത ബുദ്ധിയും സിനിമയും എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമടക്കം പ്രവേശനം സൗജന്യമായിരിക്കും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിന്റെ ഭാഗമായി ഒരുക്കും.

കോൺക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ https://icgaife2.ihrd.ac.in ൽ ലഭിക്കും. https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Share This Post
Exit mobile version