പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ അധ്യാപകനെതിരെ കുടുംബം. കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്ന ആവശ്യവുമായി അമ്മുവിന്‍റെ പിതാവ് സജീവ് രംഗത്തെത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സജീവ്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു.
സൈക്കാട്രി വിഭാഗം അധ്യാപകൻ കൗൺസിലിംഗ് അല്ല കുറ്റവിചാരണയാണ് നടത്തിയത് എന്നും പരാതിയിൽ പറയുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തത്. ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു.
അതെ സമയം സംഭവത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റുകയും കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഇപ്പോൾ ജാമ്യത്തിലാണ്.