Press Club Vartha

പനയമ്പാടം അപകടം; നാല് പെൺകുട്ടികൾക്കും കണ്ണീരോടെ വിട ചൊല്ലി നാട്

പാലക്കാട്: കണ്ണീർ കടലായി പനയമ്പാടം. പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം നടന്നു. ഉറ്റകൂട്ടുകാരികൾക്ക് നാട് പ്രണാമമർപ്പിച്ചു. തുമ്പനാട് ജുമാ മസ്ജിദിൽ നാല് പേരുടെയും ഖബറടക്കം നടന്നു.

രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അവസാന യാത്രയിലും അവർ ഒരുമിച്ചായിരുന്നു. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലാണ് പെൺകുട്ടികളുടെ ഖബറടക്കം.രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചു.

തുടർന്ന് അവിടെ നിന്ന് നാലുപേരുടെയും മൃതദേഹങ്ങൾ കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് പേരാണ് ഇവരെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവർ.

Share This Post
Exit mobile version