Press Club Vartha

മംഗലപുരത്ത് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടം:മംഗലപുരത്ത് നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എയുമായി മൂന്നു പേർ പിടിയിൽ. ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.

മംഗലപുര മുരുക്കുംപുഴയിൽ വച്ചാണ് പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടിയത്. പോലീസിനെ കണ്ട പ്രതികൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അതിസാഹസികമായി പോലീസ് ഇവരെ പിടികൂടിയത്. ബംഗളുരുവിൽ നിന്നും വാങ്ങിയ എംഡി എം എ വില്പനയ്ക്കായി കൊണ്ടു പോകുന്ന വഴിയ്ക്കാണ് ഇവർ കുടുങ്ങിയത്. കാറിനുള്ളിലും ശരീരത്തിൽ ഒളിപ്പിച്ച നിലയിലുമായി 50 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എ കണ്ടെത്തി.

രഹസ്യവിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പോലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. മുരുക്കുംപുഴ വരിക്കു മുക്കിനു സമീപം വച്ച് പൊലീസ് കാർ തടഞ്ഞിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വണ്ടി ചെറുത്താണ് ഇവരെ പിടികൂടിയത്.

ഒന്നാം പ്രതിയായ സുധി നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. കാറും കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.

Share This Post
Exit mobile version