Press Club Vartha

ഐ എഫ് എഫ് കെ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് കൗതുകമുണർത്തി സുവനീർ ഷോപ്പ്

തിരുവനന്തപുരം: ഐ എഫ് എഫ് കെയിൽ എത്തുന്നവർക്ക് നിരവധി കൗതുകമുണർത്തുന്ന കാഴ്ചകളാണ് ഒരുക്കിവച്ചിരിക്കുന്നത്. സിനിമയും കലാപരിപാടികളും മാത്രമല്ല ഒരു സുവനീർ ഷോപ്പും ഇവിടെ ഉണ്ട്.

മലയാളം മിഷന്റെ നേതൃത്വത്തിലാണ് സുവനീർ ഷോപ്പ് ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരു കാരണവശാലും ഇവിടെ കേറാതെ പോകാൻ സാധിക്കില്ല. അത്രയ്ക്ക് മനോഹരമായിട്ടാണ് മലയാളം മിഷൻ ഈ ഷോപ്പ് ഒരുക്കിയിരിക്കുന്നത്.

കുഞ്ഞുണ്ണി മാഷിന്റെയും സുഗതകുമാരി ടീച്ചറുടെയും കവിതകൾ പ്രിന്റ് ചെയ്ത കപ്പുകൾ, മലയാളം അക്ഷരങ്ങൾ പ്രിന്റ് ചെയ്ത സാരി, മുണ്ട്, ബാഗുകൾ എന്നിവയാണു ടാഗോർ തിയേറ്റർ പരിസരത്തു പ്രവർത്തിക്കുന്ന സ്റ്റാളിൽ വിൽപ്പനയ്ക്കുള്ളത്. മേളയിലെത്തുന്ന വിദേശികളും സ്വദേശികളുമായ സിനിമപ്രേമികൾക്ക് മലയാള ഭാഷ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സ്റ്റാളിന്റെ പ്രവർത്തനം.

സാധനങ്ങൾ എല്ലാം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ്. സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന തുച്ഛമായ വിലയാണ് എല്ലാത്തിനും ഈടാക്കുന്നത്. 950 മുതൽ 1300 രൂപ വരെയാണ് സാരിയുടെ വില. കരയിൽ മലയാളം അക്ഷരങ്ങൾ പ്രിന്റ് ചെയ്ത സാരി പൂർണമായും കൈത്തറിയിൽ നെയ്തതാണ്. ടീഷർട്ടുകൾക്ക് 400 രൂപയാണ്. 150രൂപയാണ് ജ്യൂട്ട് ബാഗുകൾക്ക്.

സാധാരണക്കാരനു താങ്ങാവുന്ന വിലയായതിനാലും ഉപഭോക്താവിനെ ആകർഷിക്കുന്ന രീതിയിലുള്ള ഡിസൈനുകളായതിനാലും സ്റ്റാൾ ഏറെ ജനപ്രിയമാണ്. മേള അവസാനിക്കുന്ന 20 വരെ സുവനീർ ഷോപ്പ് പ്രവർത്തിക്കും.

 

Share This Post
Exit mobile version