
തിരുവനന്തപുരം: കടലിലിൽ ചുഴിയിൽ പെട്ട വിദ്യാർഥിക്ക് രക്ഷകരായി തിരുവനന്തപുരം സ്വദേശികൾ. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യ (18) നെയാണ് യുവാക്കൾ കടലിൽ ചാടി രക്ഷപ്പെടുത്തിയത്. കാൽ നനയ്ക്കാൻ കടലിൽ ഇറങ്ങിയതായിരുന്നു ആദിത്യ. ഇതിനിടിയിൽ ചുഴിയിൽ അകപെടുകയായിരുന്നു.
വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിൻ, രാഹുൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെണ്ണിയൂർ സ്വദേശിയായ ആദിത്യ നെടുമങ്ങാട് ബന്ധു വീട്ടിൽ നിന്ന് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിൽ തിരികെ വെണ്ണിയൂരുള്ള യാത്രയ്ക്കിടെയാണ് ആദിത്യ വിഴിഞ്ഞത്തെത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണ് ആദിത്യ വിഴിഞ്ഞം നോമാൻസ് ലാന്റിൽ എത്തിയത്. അവിടെ എത്തിയ ആദിത്യ ചെരുപ്പും ബാഗും കരയിൽ വച്ചിട്ട് കാൽ നനയ്ക്കായി കടലിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ഇതിനിടിയിൽ തിരയടിയിൽ ആദിത്യ കടലിലേക്ക് വീഴുകയും തടുർന്ന് ചുഴിയിൽപ്പെടുകയുമായിരുന്നു.
ആദിത്യന് നീന്തൽ വശമില്ലായിരുന്നു. രക്ഷപ്പെടാനായി ഇയാൾ വെള്ളത്തിൽ കയ്യും കാലും ഇട്ട് അടിച്ചുകൊണ്ടിരുന്ന സമയത്താണ് കടപ്പുറത്ത് കരയിലൂടെ ബൈക്കിൽ രതീഷും, ജസ്റ്റിനും,രാഹുലും അതുവഴി സഞ്ചരിച്ചത്. ഇവരാണ് ഒരാൾ വെള്ളത്തിൽ കൈകളിട്ട് അടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നോക്കിനിൽക്കുന്നതിനിടയിൽ ആദിത്യ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ യുവാക്കൾ കടലിലേക്ക് എടുത്തു ചാടി ആദിത്യനെ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയിരുന്നു.
ഉച്ച സമയം ആയതുകൊണ്ട് തന്നെ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ തന്നെ ആദിത്യന് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും തീരദേശ പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.