Press Club Vartha

‘സിനിബ്ലഡ്’ പരിപാടി രണ്ടാം ഘട്ടം നാളെ

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’ന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ നാളെ (17 ഡിസംബർ) പരിപാടിയുടെ രണ്ടാം ഘട്ടം നടക്കും. രാവിലെ 10 മുതൽ 12.30 വരെയാകും ‘സിനി ബ്ലഡ്’ സംഘടിപ്പിക്കുക.

കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുന്നോട്ടുവച്ച ആശയമാണു സിനിബ്ലഡിലൂടെ യാഥാർഥ്യമായത്. രക്തദാനം മനുഷ്യസ്നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്നു പ്രേംകുമാർ പറഞ്ഞു.

നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയിൽ പങ്കാളികളായിരുന്നു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. അഭിലാഷിന്റെ നേതൃത്വത്തിലാണു രക്തദാന പരിപാടി. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ 9497904045 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share This Post
Exit mobile version