Press Club Vartha

സുഗമമായ മണ്ഡലകാല തീർഥാടനം: മന്ത്രിക്ക് തന്ത്രിയുടെ അഭിനന്ദനം

ശബരിമല: ശബരിമല മണ്ഡലകാല തീർഥാടനം സുഗമവും സുരക്ഷിതവുമാക്കിയതിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്‌മദത്തന്റെയും അഭിനന്ദനം. മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ചശേഷം മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിനായി സന്നിധാനത്തെത്തിയ മന്ത്രി വി.എൻ. വാസവൻ തന്ത്രിയെ സന്ദർശിച്ചപ്പോഴാണ് പൊന്നാടയണിയിച്ച് അഭിനന്ദനം അറിയിച്ചത്.

തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി, പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മണ്ഡലകാലമാണ് കഴിയുന്നതെന്നും സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ മന്ത്രിക്ക് കഴിഞ്ഞതായും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡംഗം എ. അജികുമാർ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share This Post
Exit mobile version