Press Club Vartha

ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി

കൊച്ചി: ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. പ്രത്യേക മെഡിക്കല്‍ സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ടെന്നും സിടി സ്കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് എംഎൽഎ ചികിത്സയിൽ കഴിയുന്നത്.

തലച്ചോറിനും ശ്വാസ കോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഉമ തോമസ്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ വിഐപി പവലിയനിൽ നിന്നാണ് ഉമ തോമസ് എം എൽ എ താഴേക്ക് വീണത്.

അതെ സമയം അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. ജീവന് ഭീഷണിയാകുന്ന വിധത്തിൽ സ്റ്റേജ് നിർമിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു.

Share This Post
Exit mobile version