
തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയാണെന്ന് സ്ഥിതീകരിക്കുന്നതിനു കൂടുതൽ തെളിവുകൾ ലഭിച്ചു.
കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയുടെ മൊബൈലിൽ നിന്നും ഒരു കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. ” മരണമല്ലാതെ മറ്റൊരു വഴിയില്ല” എന്നാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്.
മൊബൈൽ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ സാമ്പിളുകൾ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്.
