
തിരുവനന്തപുരം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ രംഗത്ത്. കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ചിറയിൻകീഴ് സ്വദേശികളായ രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറുമാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും പരാതി നൽകിയിരിക്കുന്നത്. ലോക്കറിൽ 45 പവൻ സ്വർണ്ണമാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ 25 പവനോളം കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.
2008ലാണ് ലോക്കറെടുത്തത്. തന്റെ കല്യാണത്തിന് അണിഞ്ഞ സ്വർണ്ണാഭരണങ്ങളാണ് രമ്യ കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. 17 വളകളാണ് നഷ്ടപ്പെട്ടതെന്നാണ് രമ്യ പറയുന്നത്. സംഭവത്തെ തുടർന്ന് ബാങ്ക് അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ മോശം അനുഭവം ആണ് ഉണ്ടായതെന്നും ഇവർ പറയുന്നു.