Press Club Vartha

ഹൃദയത്തിൽ അപൂർവ അന്യൂറിസം; കിംസ്ഹെൽത്തിൽ നൂതന ചികിത്സ വിജയകരം

തിരുവനന്തപുരം: ഹൃദയഭിത്തിയിലോ രക്തക്കുഴലിലോ കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയായ സ്യൂഡോ അന്യൂറിസത്തിന് നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ന്യൂറോളജിക്കല്‍ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് നടത്തിയ എക്കോ പരിശോധനയിൽ സംശയം തോന്നി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. വിദഗ്ധ പരിശോധനകളില്‍ രോഗിയില്‍ ‘ലെഫ്റ്റ് വെന്‍ട്രിക്കിള്‍ സ്യൂഡോ അന്യൂറിസം’ കണ്ടെത്തി. കൂടാതെ രോഗിയിൽ നടത്തിയ ആന്‍ജിയോഗ്രാമില്‍ ഹൃദയത്തിന്റെ ഇടത് ഭാഗത്തുള്ള പേശികളില്‍ രക്തമെത്തിക്കുന്ന ധമനിയില്‍ 100 ശതമാനം ബ്ലോക്ക് കണ്ടെത്തുകയും ചെയ്തു.

ഹൃദയഭിത്തിയിൽ പരിക്കുകളുണ്ടാവുകയും അതുവഴി പുറത്തേക്ക് വരുന്ന രക്തം ഹൃദയത്തിന് ചുറ്റുമുള്ള കോശങ്ങളില്‍ ഒരു കൃത്രിമ കവചം സൃഷ്ടിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്യൂഡോ അന്യൂറിസം. അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗിയുടെ മരണത്തിലേക്ക് വരെ നയിക്കാവുന്ന രോഗാവസ്ഥയാണിത്. ലോകമെമ്പാടുമുള്ള 0.1 ശതമാനം ഹൃദ്രോഗികളില്‍ മാത്രമാണ് ഈ അപൂര്‍വ്വ രോഗാവസ്ഥ കണ്ടുവരുന്നത്.

രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്റെ നേതൃത്വത്തിൽ രോഗിയെ ‘ലെഫ്റ്റ് വെന്‍ട്രിക്കിള്‍ സ്യൂഡോ അന്യൂറിസം റിപ്പയര്‍’ എന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഹാര്‍ട്ട് ലങ് മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിശ്ചലമാക്കുകയും ഇടത് വെന്‍ട്രിക്കിളിലെ കേടുപാടുകൾ ബാധിച്ച പേശികള്‍ നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് ഡാക്രോൺ പാച്ച് കൊണ്ട് നിര്‍മിതമായ ഒരു സിന്തറ്റിക് ഗ്രാഫ്റ്റ് ഉപയോഗിച്ച് കേടായ ഭാഗങ്ങള്‍ ബലപ്പെടുത്തുകയും ചെയ്തു.

ഹൃദയത്തിലെ പ്രധാന അറയായ വെന്‍ട്രിക്കിളിലുണ്ടാകുന്ന പരിക്കുകളോ അണുബാധയോ ഹൃദ്രോഗമോ കൊണ്ട് ഉണ്ടായേക്കാവുന്ന ഒരു രോഗാവസ്ഥയാണ് സ്യൂഡോ അന്യൂറിസം. ഈ രോഗാവസ്ഥയുള്ളവരിൽ ഏത് സമയത്തും രക്തം വാർന്ന് മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്ന് ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു.

അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ഇൻട്രാ അയോർട്ടിക് ബലൂണ്‍ പമ്പിന്റെ (ഐ.എ.ബി.പി) സഹായത്തോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹൃദയത്തിലേക്ക് രക്തം സുഗമമായി എത്തിക്കുകയും കൂടുതല്‍ രക്തം പമ്പ് ചെയ്യാനും ഐ.എ.ബി.പി സഹായിക്കുന്നു. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നാം ദിവസം തന്നെ രോഗിയെ വെന്റിലേറ്ററിന്റേയും ഐ.എ.ബി.പിയുടേയും സഹായത്തില്‍ നിന്നും മാറ്റുകയും ചെയ്തു. എട്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും തിരികെ സാധാരണ ജീവിതത്തിലേക്ക് എത്താനും രോഗിക്ക് സാധിച്ചു.

കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. വിപിന്‍ ബി നായര്‍, ഡോ. സൈന സൈനുദ്ദീന്‍, കാര്‍ഡിയാക് അനസ്തേഷ്യ കണ്‍സള്‍ട്ടന്റുമാരായ ഡോ. സുഭാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണ പിള്ള എന്നിവരും ഈ ശസ്ത്രക്രിയയുടെ ഭാഗമായി.

Share This Post
Exit mobile version