Press Club Vartha

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധിച്ച് കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കേസിൽ പത്ത് പ്രതികള്‍ക്ക് വിധിച്ചിരിക്കുന്നത്.നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. 20 മാസം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് ഇന്ന് നിർണായക വിധി ഉണ്ടായിരിക്കുന്നത്.

ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, ടി. രഞ്ജിത്ത്, എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

കൂടാതെ മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, സിപിഐഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർക്ക് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.

2019 ഫെബ്രുവരി 17 നാണ് സംഭവം നടന്നത്. പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയുമാണ് രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Share This Post
Exit mobile version