Press Club Vartha

ടെക്നോപാർക്കിൽ തീ-പി-ടുത്തം

കഴക്കൂട്ടം: ടെക്നോപാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പാർക്കിനുള്ളിലെ ടാറ്റ എലക്സി കമ്പനിക്കുള്ളിൽ ആണ് തീപിടുത്തം ഉണ്ടായത്. പെയിന്റും മറ്റു  സാധനങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം നടന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു തീപിടുത്തം.

കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. ടെക്നോപാർക്കിലെ ഫേസ് വൺനകത്തെ ടാറ്റ എലക്സിയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വലിയ പുക വരുന്നത് കണ്ട് ജീവനക്കാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ചയായി വെൽഡിംഗ് ജോലികൾ നടന്നു വരുകയായിരുന്നു.

ഫയറിന്റെ പൈപ്പ് വെൾഡിംഗ് ചെയ്യുന്നതിനിടയിൽ ഉണ്ടായ സ്പാർക്കിംഗിലാണ് തീപിടുത്തം ഉണ്ടായത്. പെയിന്റും ഡിന്നറും സൂക്ഷിച്ചിരുന്ന ഗോഡൗൺ ആയതിനാൽ പെട്ടെന്ന് പടർന്നു. പുക ഉയരുന്നത് കണ്ട് കെട്ടിടത്തിന് ഉള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആദ്യം പുറത്തെത്തിച്ചു. സമയബന്ധിതമായി തീ അണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കഴക്കൂട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.

ബഹുനില കെട്ടിടങ്ങളും ആയിരകണക്കിന് ജീവനക്കാർ ജോലിചെയ്യുന്നതും അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ടെക്നോപാർക്കിൽ തീപിടുത്തമുണ്ടായത് സുരക്ഷാ വീഴ്ചയാണെന്നാണ് കണക്കാക്കുന്നത്. ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിൽ നിന്ന് മീറ്ററുകൾക്കപ്പുറമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Share This Post
Exit mobile version