Press Club Vartha

ശാന്തിഗിരി ആയുഷാലയം ഗുരുകുലസമ്പ്രദായത്തിന്റെ മാതൃക: ഡോ. മോഹനൻ കുന്നുമ്മൽ

പോത്തൻകോട് : ഗുരുകുല സമ്പ്രദായത്തിലൂടെയാണ് ആയൂർവേദം മുൻപൊക്കെ പഠിച്ചിരുന്നത്. ആ ഗുരുകുലരീതിയിൽ ആയൂർവേദം പഠിപ്പിക്കാനുളള പുതിയ തീരുമാനം ഭാരത സർക്കാർ എടുത്തിട്ടുണ്ട്.

ആയൂർവേദം പഠിക്കാൻ ഏഴരവർഷത്തെ കോഴ്സ് ഇക്കൊല്ലം മുതൽ നമ്മുടെ നാട്ടിലുണ്ടാകും. അതിന്റെ മാതൃകയാണ് ആയുഷാലയം പ്രദർശനത്തിലൂടെ ശാന്തിഗിരി ഒരുക്കിയിരിക്കുന്നതെന്ന് കേരള ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ശാന്തിഗിരി ഫെസ്റ്റിൽ പാലക്കാട് ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിന്റെയും ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ &റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫെസ്റ്റിൽ സംഘടിപ്പിച്ച ആയൂർവേദാലയര്ത്തിന്റെ പ്രദർശനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിന്റെ ഏറ്റവും വലിയ പാരമ്പര്യമാണ് ആയൂർവേദം. അത് മികച്ചരീതിയിൽ തിരിച്ചുവരുന്നൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ആയൂർവേദ ചികിത്സാരംഗത്ത് ശാന്തിഗിരിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്വാമി മനുചിത്ത്, ജനനി പൂജ, ജനനി കൃപ, ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ. പി. സുദീപ്, ഡോ. ആർഷ വിനോദ്, സിദ്ധ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. പി. ഹരിഹരൻ, ഇ.കെ. ഷാജി, ഡി. മനോജ്, പി.ജെ. അശോക്, ശ്രീജിത്ത്.കെ.ജി തിരുവഞ്ചൂർ, ജി.ലിജി, എൻ. ആർ. ജിജി, എസ്.ജി.രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശാന്തിഗിരി ഫെസ്റ്റിലെ വിശേഷപ്പെട്ട കാഴ്ചയായി മാറുകയാണ് ആയുഷാലയം. രാമച്ചത്തിൽ തീർത്ത പ്രവേശനകവാടത്തിലൂടെയാണ് ഇവിടെ പ്രവേശിക്കുന്നത്. ഗുരുമുഖത്ത് ലഭിക്കുന്ന അറിവുകൾ ഉപയോഗിച്ച് മരുന്നു തയ്യാറാക്കുന്ന രീതി, ചികിത്സയ്ക്കായുളള മുന്നൊരുക്കങ്ങൾ, പഞ്ചകർമ്മ ചികിത്സ ഉപകരണങ്ങൾ, ചികിത്സ ചെയ്യാനുളള ഇടം, രോഗിയുടെ മനസ്സ് തുടങ്ങിയവയെ പ്രതിനിധാനം ചെയ്തുളള ആശയത്തിലാണ് പ്രദർശനശാല ഒരുക്കിയിരിക്കുന്നത്.

പ്രദർശനത്തിൽ വിവിധ ഔഷധസസ്യങ്ങൾക്കൊപ്പം ഒരു ദിവസത്തെ വിശപ്പിനെയും ദാഹത്തെയും പിടിച്ചു നിർത്താൻ കഴിവുളള ആരോഗ്യപച്ച എന്ന അത്ഭുതസസ്യത്തെയും പരിചയപ്പെടാം. പാലക്കാട് ശാന്തിഗിരി ആയൂർവേദ കോളേജിന്റെ പവലിയനിൽ സി.പി.ആർ നൽകുന്ന വിധം, മില്ലറ്റുകളുടെ പ്രാധാന്യം, ശരീരപ്രകൃതിനിർണ്ണയം, പതിനൊന്ന് വയസ്സിൽ താഴെയുളള കുട്ടികൾക്ക് ഐ.ക്യൂ ലെവൽ പരിശോധന, യോഗ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ജനുവരി 19 വരെയുണ്ടാകും.

Share This Post
Exit mobile version