Press Club Vartha

63ാം സ്കൂൾ കലോത്സവത്തിനു പ്രൗഢ ഗംഭീരമായ തുടക്കം

തിരുവനന്തപുരം: 63ാം സ്കൂൾ കലോത്സവത്തിനു തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീരമായ തുടക്കം. ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി.

വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. വിവിധ ജില്ലകളില്‍നിന്ന് ഓണ്‍ലൈനായി ഏകദേശം 700 രജിസ്ട്രേഷനുകള്‍ ഇന്നലെ വൈകുന്നേരം വരെ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ട്.

പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി.

Share This Post
Exit mobile version