ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപ വീതം കെഎസ്ആര്‍ടിസി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
കൂടാതെ പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. സംഭവത്തിൽ കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 6:15 നാണ് അപകടം സംഭവിച്ചത്.പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേരാണ് മരിച്ചത്. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, സിന്ധു എന്നിവരാണ് മരിച്ചത്.
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ് വാടകക്കെടുത്താണ് സംഘം യാത്ര തിരിച്ചത്. തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികളും, ഫയർ ഫോഴ്സും, ഹൈവേ പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.