പോത്തൻകോട്: തിരുവനന്തപുരത്ത് 9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ. കല്ലിയൂർ സ്വദേശി അനീഷ് (31) ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് പിടിയിലായത്.
രണ്ടു വർഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ഒരു മാസം മുൻപ് കുട്ടിയെ നാട്ടിൽ ആക്കിയിട്ട് വിദേശത്തേക്ക് ജോലിക്ക് പോയിരിന്നു. രണ്ടാനച്ഛന്റെ കൂടെയായിരുന്നു കുട്ടി. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ട അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ അമ്മ നാട്ടിലേക്ക് വരികയും കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
അനീഷ് നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പുറത്തു പറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു. രണ്ടു വർഷത്തോളമാണ് കുട്ടി പീഡനത്തിനിരയായത്. നേരത്തെ സ്കൂൾ കുട്ടിയെ മർദ്ദിച്ച കേസിൽ പ്രതിയാണ് അനീഷ് .അനീഷിനെ കൂടാതെ കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജും ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും കുട്ടി പറഞ്ഞു.
കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറാണ് ബാബുരാജ്.വൈദ്യ പരിശോധനയിൽ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.