കണ്ണൂർ: കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബ്രാന്‍ഡ് ബേ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോബൽ ജോബ് ഫെയർ വേദിയിൽ വച്ച് അൽമിസ് അക്കാദമിയുടെ സൗജന്യ കൂട്ടായ്മയായ സ്ക്സസ്സ് ലിങ്ക് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വഴി മികച്ച അക്കൗണ്ടിങ് തൊഴിലവസരങ്ങൾ, വാർത്തകൾ, ഇന്റർവ്യൂ ടിപ്സും മറ്റും ജനങ്ങലിലേക്ക് എത്തിക്കുകയാണ് സക്സസ്സ് ലിങ്കിന്റെ ലക്ഷ്യം.
നാലായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള വാതില്‍തുറന്ന് വെച്ച് ഗ്ലോബല്‍ ജോബ് ഫെയര്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിദേശത്തും സ്വദേശത്തുമുള്ള 75 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ പന്ത്രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികളാണ് ഒഴുകിയത്തിയത്. വിദ്യാഭ്യാസം, റീറ്റെയ്ല്‍, ഹോസ്പിറ്റലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, ഓട്ടോ മൊബൈല്‍, ടൂറിസം, ആര്‍ക്കിടെക്ച്ചര്‍, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി മുപ്പതിലേറെ മേഖലകളിലായാണ് നാലായിരത്തോളം തൊഴില്‍ അവസരങ്ങള്‍ തുറന്നുവെച്ചതെന്ന് മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു.
അഞ്ഞൂറിലേറെ പേരെ കമ്പനികള്‍ നേരിട്ട് തെരഞ്ഞെടുക്കുകയും രണ്ടായിരത്തോളം പേര്‍ വിവിധ ഒഴിവുകളിലേക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. നിരവധി കമ്പനികള്‍ അടുത്ത ദിവസങ്ങളിലായി ഫൈനല്‍ സ്‌ക്രീനിങ്ങിനു വേണ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. പരിചയ സമ്പത്തും പ്രൊഫഷണല്‍ മികവുമുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ മേളയില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി കമ്പനി മേധാവികള്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡേപെക്, ജില്ലാ വ്യവസായ കേന്ദ്രം, സി-ഡിറ്റ്, എന്‍യുഎല്‍എം തുടങ്ങിയ സ്ഥാപനങ്ങളും ജോബ് ഫെയറിന്റെ ഭാഗവാക്കായി.