Press Club Vartha

ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സംഘത്തെ സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സംഘത്തെ സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍. ആനിമേഷന്‍ രംഗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ടൂണ്‍സിന്റെ കോഴ്‌സാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ 19 ഭിന്നശേഷിക്കാര്‍ പഠിച്ചെടുത്ത് വിജയകിരീടമണിഞ്ഞത്. കോഴ്‌സിന്റെ പാസിംഗ് ഔട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ചിത്രം ഗ്രാഫിക് ഡിസൈനിലൂടെ വരച്ച് സംഘത്തിലൊരാളായ ഗൗതം ഷീന്‍ സ്പീക്കറെയും കാണികളെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പലതരം പാസിംഗ് ഔട്ട് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും മനസ്സുനിറഞ്ഞ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത് ഇതാദ്യമെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. വൈകാരികമായ ഒരു നിമിഷമാണിത്. അവഗണിക്കപ്പെട്ടുകിടന്ന ഒരു സമൂഹത്തെ പരിഗണിക്കാനും ആദരിക്കാനും തുടങ്ങിയിരിക്കുന്നു. ഇതൊരു വലിയ മാറ്റമാണ്. ഡിഫറന്റ് ആര്‍ട് സെന്റര്‍ ആ മാറ്റത്തിന് കാരണമാകുന്നുവെന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കുട്ടികളെ ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് എന്നിവ പഠിപ്പിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. സങ്കീര്‍ണമായ ടൂളുകളാണ് കുട്ടികളെ പഠിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ 8 മാസം കൊണ്ട് അനായാസം കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചുവെന്ന് ടൂണ്‍സ് അനിമേഷന്‍ അക്കാഡമിക്‌സ് ആന്റ് ട്രയിനിംഗ് വൈസ് പ്രസിഡന്റ് വിനോദ് എ.എസ് പറഞ്ഞു.

കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്പീക്കര്‍ വിതരണം ചെയ്തു. വിനോദ്, പരിശീലകന്‍ ഷെമിന്‍.എസ് എന്നിവരെ മെമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ആദരിച്ചു. ഡയറക്ടര്‍ ഇന്റര്‍വെന്‍ഷന്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

വളരെ സങ്കീര്‍ണമായ കോഴ്‌സാണ് സെന്ററിലെ ഡിഫറന്റ് ആര്‍ട് സെന്ററും ടൂണ്‍സ് ആനിമേഷന്‍സും സംയുക്തമായി സഹകരിച്ചുകൊണ്ട് 2024 മേയിലാണ് ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്.

ബൗദ്ധിക പരിമിതി, പഠന പരിമിതി, ഓട്ടിസം വിഭാഗത്തില്‍പ്പെട്ട വരുണ്‍ രവീന്ദ്രന്‍ നായര്‍, വിവേക്.എസ്.എസ്, ഗൗതം ഷീന്‍, ഷിജു ബി.കെ, അപര്‍ണ സുരേഷ്, ആര്‍ദ്ര അനില്‍, സായാ മറിയം തോമസ്, അമല്‍.ബി, നാസിമുദ്ദീന്‍.എ, ആദിത്യഗോപകുമാര്‍, റിയാന്‍ നസീര്‍, അശ്വിന്‍ദേവ്, മാനവ് പി.എം, സായ്കൃഷ്ണ.എ, ആദിത്യന്‍രവി, ഹസ്‌ന.എന്‍, അശ്വിന്‍ഷിബു, മുഹമ്മദ് അഷീബ്.ബി, അഖിലേഷ് ആര്‍.എസ് എന്നിവരാണ് നിരന്തരമായ 8 മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

Share This Post
Exit mobile version