Press Club Vartha

ശബരിമല: 3.35 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 3,34,555 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, സന്നിധാനം, നിലയ്ക്കൽ, റാന്നി പെരിനാട്, കോന്നി മെഡിക്കൽ കോളേജ് പ്രത്യേക വാർഡ്, പന്തളം, ചെങ്ങന്നൂർ, എരുമേലി എന്നീ ആശുപത്രികളിലൂടെ 2,52,728 തീർത്ഥാടകർക്കും പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 81,827 തീർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി. സിപിആർ ഉൾപ്പെടെയുള്ള അടിയന്തര സേവനം നൽകി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നൽകിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.

ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 122 പേരുടെ ജീവൻ രക്ഷിച്ചു. 71 പേർക്ക് ഹൃദയാഘാതത്തിനുള്ള ത്രോബോലൈസിസ് അടിയന്തര ചികിത്സ നൽകി. 110 പേർക്ക് അപസ്മാരത്തിന് ചികിത്സ നൽകി. റോഡപകടങ്ങളിൽ പരിക്കേറ്റവർ 230, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർ 37141, ഉദരസംബന്ധമായ പ്രശ്നങ്ങൾ ബാധിച്ചവർ 25050, വയറിളക്ക രോഗബാധിതർ 2436, പനി 20320, പാമ്പുകടിയേറ്റവർ 4 എന്നിവർക്കാണ് ചികിത്സ നൽകിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 456 പേരെ പമ്പയിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു.

ഇത്തവണ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ആരോഗ്യ സേവനങ്ങളാണ് ഒരുക്കിയത്. ആരോഗ്യ വകുപ്പിൽ നിന്നുള്ള ടീമിനെ കൂടാതെ ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ഡോക്ടർമാർ, ഫാർമസിസ്റ്റുമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവരുടെ സേവനം കൂടി വിനിയോഗിച്ചു. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിച്ചു. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കി. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി പ്രത്യേകം കിടക്കകൾ ക്രമീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും കിടക്കകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.

Share This Post
Exit mobile version