കഴക്കൂട്ടം: കരിച്ചാറയിൽ ഷാനുവെന്ന യുവതിയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെ കേസിലെ പ്രതിയെ തെളിവെടുപ്പിനു എത്തിച്ച് മടങ്ങുന്നതിനിടയിൽ രോഷാകുലരായ സ്ത്രീകളടങ്ങുന്ന ബന്ധുക്കൾ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് വല്ലവിധേയനെയും വളരെ പാടുപ്പെട്ടാണ് ഇവരുടെ കൈയേറ്റ ശ്രമത്തിൽ നിന്ന് പ്രതിയെയും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തിരുനെൽവേലി അമ്പാസമുദ്രം ബ്രഹ്മദേശം മണ്ണാർകോവിൽ സ്വദേശി രംഗ ദുരൈ (33) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നാണ് ഷാനുവും പെൺമക്കളും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ഹാൾ മുറിയിൽ ഷാനു കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. രാവിലെ സ്കൂളിലേക്ക് പോയ ഷാനുവിന്റെ മക്കൾ തിരികെ വന്നപ്പോഴാണ് അമ്മയെ മരണപ്പെട്ട നിലയിൽ വീട്ടിലെ ഹാൾ മുറിയിൽ കണ്ടത്. അന്ന് തന്നെ പ്രതി തമിഴുനാട്ടിലേക്ക് കടന്നു.
രംഗ ദുരൈ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. പൊലീസ് അംബാസമുദ്രത്തിൽ എത്തിയത് അറിഞ്ഞ് പ്രതി തിരുവന്തപുരത്തേക്ക് കടക്കുകയായിരുന്നു. ഇതറിഞ്ഞ പോലീസ് വെഞ്ഞാറമൂട് പൊലീസിൻറെ സഹായത്തോടെ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസിൽ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി തമിഴുനാട്ടിലേക്ക് കടക്കുന്നതിന് മുമ്പ് ഷാനുവിന്റെ മകളുടെ രണ്ടു മൊബൈൽ ഫോണുകൾ കരിച്ചാറയിലെ വീടിന്റെ സമീപത്തുള്ള കിണറ്റിൽ എറിയുകയായിരുന്നു. ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഇന്നലെ ഫോണുകൾ കണ്ടെടുത്തു. ആദ്യ ഭർത്താവ് മരണപ്പെട്ടു പോയ ഷാനു 10 വർഷത്തോളമായി രംഗ ദുരൈയുമായി അടുപ്പത്തലായിരുന്നു. ഇവർ വർഷങ്ങൾക്ക് മുമ്പ് കണിയാപുരത്തുള്ള ആര്യാസ് ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് പരിചയപ്പെട്ടത്. ക്ഷേത്രത്തിൽ വച്ച് സമീപ കാലത്ത് നടത്തിയ വിവാഹം രജിസ്റ്റർ ചെയ്യാൻ ഷാനു നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്.
രണ്ട് മുതിർന്ന പെൺകുട്ടികളുള്ള ഷാനുവിനെ വിവാഹം കഴിക്കുന്നതിന് രംഗ ദുരൈക്ക് താല്പര്യക്കുറവ് ഉണ്ടായിരുന്നു. ഇരുവരും കുട്ടികളുമായി ഒരുമിച്ച് താമസിച്ചിരുന്ന വാടക വീട്ടിൽ വച്ച് ഇതേ കാര്യത്തെ ചൊല്ലി വഴക്കിയാറുണ്ടായിരുന്നത്രെ. 13ന് രാവിലെ 8.30 മണിക്ക് കുട്ടികൾ സ്കൂളിലേക്ക് പോയ ശേഷവും വീട്ടിൽ വഴക്ക് നടക്കുകയും വഴക്കിനൊടുവിൽ രംഗ ദുരെ ഷാനുവിനെ ഷാള് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തിരുവന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനൻ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് കുമാർ, മംഗലപുരം എസ്.ഐ രാജീവ്. ഡി.വൈ.എസ്.പിയുടെ ക്രൈം ടി അംഗങ്ങളായ മനോജ്, ബൈജു, പ്രതിപ്, ഡാൻസാഫ് അംഗമായ റിയാസ്. വെഞ്ഞാറമൂട് “സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ സുജിത്ത്, ഡാൻസാഫ് അംഗം വിനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.