തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു. പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം.
ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും കാലിനുമടക്കം പരിക്കേറ്റിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ചശേഷം പത്താംക്ലാസ് വിദ്യാർത്ഥി ബാത്റൂമിന് സമീപത്തേക്ക് പോയിരുന്നു. ഇത് കണ്ട പ്ലസ് ടു വിദ്യാർഥികൾ സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നു.
വിദ്യാർഥിയുടെ കഴുത്തിനും കാലിനും എല്ലുകൾക്ക് പൊട്ടലുണ്ട്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് പ്ലസ് ടു വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.