Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. 18 എം.പിമാരടക്കമുള്ള സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരില്‍ക്കണ്ടശേഷം പ്രശംസിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി മോഹന്‍, എം.പിമാരായ വിജയലക്ഷ്മി ദേവി, അഡ്വ. പ്രിയ സരോജ്, ഇ.ടി മുഹമ്മദ് ബഷീര്‍, മുരാരി ലാല്‍ മീണ, ഭാസ്‌കര്‍ മുരളീധര്‍ ഭാഗ്രെ, ഭോജരാജ് നാഗ്, രാജ്കുമാര്‍ റാവത്, സുമിത്ര ബാല്‍മിക്, പി.ടി ഉഷ, നാരായണ കൊരഗപ്പ, നിരഞ്ജന്‍ ബിഷി, റാംജി, മഹേശ്വരന്‍ വി.എസ്, അബ്ദുള്‍ വഹാബ്, ചിന്താമണി മഹാരാജ്, അനൂപ് പ്രധാന്‍ ബാല്‍മീകി, പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍, ഔദ്യോഗിക വ്യക്തികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ഡി.എ.സി സന്ദര്‍ശിച്ചത്.
ഡിഫറന്റ് ആര്‍ട് സെന്റര്‍ പൊതുജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന സ്ഥാപനമാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി മോഹന്‍ പറഞ്ഞു. ഉറച്ച ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മനോഹരമായി ഇത്തരമൊരു സംരംഭം നേതൃത്വം നല്‍കുവാന്‍ കഴിയൂ. ഗോപിനാഥ് മുതുകാടിന്റെ അര്‍പ്പണ മനോഭാവത്തെ നിറഞ്ഞ മനസ്സോടെ പ്രശംസിക്കുന്നു. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശനത്തിലൂടെ അര്‍ത്ഥവത്തായ ഒരു ദിനമാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു സംരംഭം സമാനതകളില്ലാത്തതാണെന്ന് സംഘാംഗങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കുട്ടികളുടെയുള്ളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ സര്‍ഗധനരാണെന്ന് തെളിയിക്കുവാന്‍ ശ്രമിക്കുന്ന ഈ സ്ഥാപനം മഹത്തരമായൊരു പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകുന്നേരത്തോടെ സെന്ററിലെത്തിയ സംഘാംഗങ്ങളെ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് എല്ലാ വേദികളിലെയും കുട്ടികളുടെ കലാപ്രകടനങ്ങള്‍ കണ്ട് കുട്ടികളെ അനുമോദിച്ചശേഷമാണ് സംഘം മടങ്ങിയത്.

Share This Post
Exit mobile version