Press Club Vartha

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബോബി ചെമണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ലഭിച്ചതായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിമാൻഡിൽ കഴിഞ്ഞിരുന്ന സമയത്ത് ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ.

സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് ഏകദേശം രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ഇതേ തുടർന്നാണ് വകുപ്പ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

Share This Post
Exit mobile version