
മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ 2:30 യോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. എന്നാൽ ഇത് കാലപ്പഴക്കം ഉള്ള മുറിവുകളാണെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം നടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ കഴിയു.
വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്തത് പെൺകടുവ ആണെന്നാണ് വിവരം.കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. അതിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഇതോടെ പഞ്ചാരക്കൊല്ലി മേഖലയിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു. എന്നാൽ വയനാട്ടില്‍ രണ്ട് ദിവസം കൂടി പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള ദൗത്യം തുടരുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.