Press Club Vartha

തിരുവനന്തപുരം കണ്ണാശുപത്രിയിൽ നൂതന ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് ആരംഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ (ആർ.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണാശുപത്രിയിലെ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള ഓപ്പറേഷൻ തീയറ്റർ കോപ്ലക്സ് സജ്ജമാക്കിയിരിക്കുന്നത്. 4 ഓപ്പറേഷൻ തീയറ്ററുകളാണ് ഇവിടെയുള്ളത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകൾക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് സജ്ജമാക്കിയതിനാൽ കൂടുതൽ രോഗികൾക്ക് ഒരേ ദിവസം ശസ്ത്രക്രിയകൾ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ഓപ്പറേഷൻ ടേബിളുകൾ, അനസ്തേഷ്യ സംവിധാനങ്ങൾ, പ്രൊസീജിയർ റൂം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡേ കെയർ സർജറിയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ഡേ കെയർ സർജറിയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് വേണ്ടി രണ്ട് ഡേ കെയർ സർജറി വാർഡുകളും നാലാമത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. ഒരുവർഷം ഏകദേശം 10,000 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. സങ്കീർണമായ പല നേത്ര ശസ്ത്രക്രിയകളും വിട്രിയോറെറ്റിനൽ ശസ്ത്രക്രിയകളും ഇവിടെ ചെയ്യാൻ സാധിക്കും.

ദക്ഷിണേന്ത്യയിൽ വിസ്മരിക്കാനാകാത്ത നേത്രരോഗ ചികിത്സാ കേന്ദ്രമാണ് തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ ടെറിഷ്യറി കണ്ണാശുപത്രിയും ഏക റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയും കൂടിയാണിത്. എല്ലാത്തരം നേത്രരോഗങ്ങളും ചികിത്സിക്കാനും പരിശോധിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. റെറ്റിന, കോർണിയ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ ഗ്ലോക്കോമ, കോങ്കണ്ണ്, കുഞ്ഞുങ്ങൾക്ക് വരുന്ന രോഗങ്ങൾ എന്നിവ നിർണയിക്കാനുള്ള ക്ലിനിക്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പ്രതിദിനം 1200 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. പ്രതിവർഷം 4 ലക്ഷത്തിലധികം പേർക്കാണ് കണ്ണാശുപത്രി വെളിച്ചമാകുന്നത്. 1905ൽ സ്ഥാപിതമായ കണ്ണാശുപത്രി 1951ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചതോടെ കോളേജിന്റെ ഒഫ്ത്താൽമോളജി വിഭാഗമായി മാറി. 1995ൽ കണ്ണാശുപത്രി, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി അഥവാ ആർ.ഐ.ഒ. ആയി ഉയർത്തപ്പെട്ടു. സ്ഥല പരിമിതിയ്ക്ക് പരിഹാരമായി പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

24 മണിക്കൂർ പ്രവർത്തിക്കുന്നതാണ് ഇവിടത്തെ നേത്ര രോഗ അത്യാഹിത വിഭാഗം. അത്യാഹിത വിഭാഗത്തിൽ സുസജ്ജമായ എമർജൻസി ഓപ്പറേഷൻ തീയറ്റർ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ മരണാനന്തര അവയവദാനത്തിലൂടെ ലഭ്യമാകുന്ന കണ്ണുകൾ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന നേത്ര ബാങ്കും സജ്ജമാണ്. കാഴ്ച പരിമിതർക്കുള്ള റീഹാബിലിറ്റേഷൻ സെന്ററും ഒരുക്കിയിട്ടുണ്ട്. അങ്ങനെ നേത്രരോഗ ചികിത്സയുമായി ബന്ധപ്പെട്ട് വലിയൊരു ആശ്വാസ കേന്ദ്രമായി കണ്ണാശുപത്രി നിലകൊള്ളുന്നു.

Share This Post
Exit mobile version