കൊച്ചി: സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യത അനുഭവിക്കണമെങ്കില്‍ സ്‌കൂളുകളില്‍ നിന്ന് മാറ്റം ആരംഭിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പ്രഭാത സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തുന്ന പ്രവണത അവസാനിപ്പിക്കണം. ഇത്തരം രീതികള്‍ സ്ത്രീകളും പുരുഷന്മാരും പരസ്പരം ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും പഠിക്കുന്നതിനുമുള്ള അവസരം ഇല്ലാതാക്കും. മാത്രമല്ല, രണ്ടു വിഭാഗങ്ങള്‍ക്കും പരസ്പരം മനസിലാക്കുവാനുള്ള അവസരം കൂടിയാണ് നഷ്ടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളും നിക്ഷേപങ്ങളും അനിവാര്യമാണെന്ന് സംവാദത്തില്‍ പങ്കെടുത്ത ഡിജിപി പദ്മകുമാര്‍ ഐപിഎസ് അഭിപ്രായപ്പെട്ടു. രാത്രികാലങ്ങളില്‍ പ്രകാശമില്ലാത്ത ബസ് സ്റ്റാന്‍ഡുകള്‍, സുരക്ഷിതത്വം ഉറപ്പാക്കാത്ത പൊതുശൗചാലയങ്ങള്‍ എന്നിവ സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടണമെങ്കില്‍ സര്‍ക്കാര്‍ അടിസ്ഥാന വികസന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. സുരക്ഷ ഉറപ്പാക്കിയാല്‍ തുല്യവും ശക്തവുമായ രാഷ്ട്ര വികസനത്തിന് സ്ത്രീകള്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.