തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ റേഷൻ അരി കടത്തിയ ലോറിയേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 292 ചാക്ക് റേഷൻ അരിയോടുകൂടിയ ലോറിയാണ് തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുമ്പ കുഴിവിളയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി ബിജു മോനാണ് പോലീസിന്റെ പിടിയിലായത്. റേഷനരി കടത്തുന്നു എന്ന് പൊലീസ് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കുഴിവിള എംജിഎം സ്കൂളിന് സമീപത്ത് നിന്നാണ് തുമ്പ പോലീസ് ലോറി കസ്റ്റഡിയിലെടുത്തത്.
തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 292 ചാക്ക് റേഷൻ അരിയാണെന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത റേഷൻ അരി ചാക്കുകൾ മേനംകുളത്തെ സപ്ലൈ ഗോഡൗണിലേക്ക് മാറ്റി.
പൂവാർ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ നിന്നാണ് അരി കൊണ്ടുവന്നതെന്ന് അറസ്റ്റിലായ ഡ്രൈവർ ബിജുമോൻ പോലീസിനോട് പറഞ്ഞു. കാലടിയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ പിടിയിലാവുന്നത്. കസ്റ്റഡിയിലെടുത്ത ലോറി കോടതിക്ക് കൈമാറുമെന്ന് തുമ്പ പോലീസ് പറഞ്ഞു.