Press Club Vartha

ടെക്നോപാര്‍ക്ക് കമ്പനി ടെസ്റ്റ്ഹൗസ് ‘പാരന്‍റ്സ് ഡേ’ ആഘോഷിച്ചു

തിരുവനന്തപുരം: കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പരിശ്രമവും ത്യാഗവും പരിഗണിച്ചുകൊണ്ട് ടെക്നോപാര്‍ക്ക് കമ്പനിയായ ടെസ്റ്റ്ഹൗസ് ജീവനക്കാരുടെ മാതാപിതാക്കള്‍ക്കായി ‘പാരന്‍റ്സ് ഡേ’ സംഘടിപ്പിച്ചു. ഗുണനിലവാരമുള്ള എഞ്ചിനീയറിംഗ് പരിഹാരങ്ങളില്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള ടെക്നോപാര്‍ക്കിലെ കമ്പനിയാണ് ടെസ്റ്റ്ഹൗസ്.

ടെക്നോപാര്‍ക്കിലെ നിള ബില്‍ഡിംഗിലെ ടെസ്റ്റ്ഹൗസിന്‍റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജീവനക്കാരുടെ മാതാപിതാക്കളെ ആദരിച്ചു. ആരോഗ്യ പരിശോധന, ഡയറ്റീഷ്യന്‍റെ സേവനം, സമ്മാനങ്ങള്‍ എന്നിവയും ഇവര്‍ക്ക് ലഭ്യമാക്കി. മാതാപിതാക്കളുടെ ത്യാഗങ്ങളും പരിശ്രമങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനും ജീവനക്കാരെ പിന്തുണയ്ക്കുന്നതിലും പ്രചോദിപ്പിക്കുന്നതിലും അവരുടെ പങ്ക് പ്രകടിപ്പിക്കുന്നതിനുമാണ് പരിപാടി നടത്തിയത്. മാതാപിതാക്കള്‍ക്ക് മക്കളുടെ തൊഴില്‍ മേഖല അടുത്ത് പരിചയപ്പെടാനും സഹജീവനക്കാരെ പരിചയപ്പെടാനും അവസരമൊരുക്കുന്നതായിരുന്നു പരിപാടി.

ശക്തമായ കുടുംബങ്ങളാണ് ഒരു മികച്ച സ്ഥാപനത്തിന്‍റെ അടിത്തറയെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ടെസ്റ്റ്ഹൗസ് സിഇഒ അനി ഗോപിനാഥ് പറഞ്ഞു. ജീവനക്കാരെ പ്രചോദിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു ‘പാരന്‍റ്സ് ഡേ’. ബന്ധങ്ങളെ വിലമിതിക്കുന്ന തൊഴിലിട സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള സ്ഥാപനത്തിന്‍റെ പ്രതിബദ്ധതയാണ് ഈ പരിപാടി. ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍ഗണന നല്‍കുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ടെസ്റ്റ്ഹൗസ് ലക്ഷ്യമിടുന്നുവെന്നും അനി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കള്‍ നല്‍കുന്ന സ്നേഹത്തിനും ത്യാഗത്തിനും പ്രോത്സാഹനത്തിനുമുള്ള ആദരവാണ് ‘പാരന്‍റ്സ് ഡേ’ എന്ന് ടെസ്റ്റ്ഹൗസ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു. കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്ന തൊഴിലിട അന്തരീക്ഷം സൃഷ്ടിക്കുന്നത് ടെസ്റ്റ്ഹൗസിന്‍റെ പ്രവര്‍ത്തനത്തില്‍ അവിഭാജ്യ ഘടകമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2000-ത്തില്‍ സ്ഥാപിതമായ ടെസ്റ്റ്ഹൗസ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ അഷ്വറന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍ കമ്പനിയാണ്. ബാങ്കിംഗ്, പേയ്മെന്‍റ്സ്, മാനുഫാക്ച്വറിങ്, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, യാത്ര, മാധ്യമം, വിനോദം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് വൈദഗ്ദ്ധ്യം നല്‍കിക്കൊണ്ട് യുഎസ്, യുകെ, ഓസ്ട്രേലിയ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ക്ലയന്‍റുകള്‍ക്ക് കമ്പനി സേവനം നല്‍കുന്നു.

Share This Post
Exit mobile version