Press Club Vartha

അപൂർവ രക്തത്തിനായി ഒരു കരുതൽ: കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി

Blood donor at donation with bouncy ball holding in hand

തിരുവനന്തപുരം: ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറത്തിറക്കി. കൊച്ചിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിന്റെ ദേശീയ കോൺക്ലേവിലാണ് റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിരവധി ആന്റിജനുകൾ പരിശോധിച്ച ശേഷമാണ് അപൂർവ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടൻ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടാൻ രജിസ്ട്രിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ വൈദ്യ സമൂഹത്തിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളെ ഏകോപിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡൽ സെന്ററായി തിരഞ്ഞെടുത്തു. 2 കോടിയോളം രൂപയാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നത്. ഇതുവരെ 3000 അപൂർവ രക്തദാതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ നാല് പ്രദേശങ്ങളിലെ സന്നദ്ധ രക്ത ദാതാക്കളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു അതിലെ 18 ആന്റിജനുകൾ പരിശോധിച്ചിരുന്നു. പല തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന തലാസീമിയ, അരിവാൾ രോഗം, വൃക്ക, കാൻസർ രോഗികൾ എന്നിവരിലും ഗർഭിണികളിലും ആന്റിബോഡികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അവർക്ക് യോജിച്ച രക്തം ലഭിക്കാതെ വരുമ്പോൾ ഈ രജിസ്ട്രിയിൽ നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തി രക്തം കൃത്യ സമയത്ത് നൽകി ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്.

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് രംഗത്ത് നൂതനവും പ്രസക്തവുമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന റെയർ ബ്ലഡ് ഡോണർ രജിസ്ട്രി ടീമിനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദരിച്ചു.

Share This Post
Exit mobile version