
കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷെജിൽ പിടിയിൽ. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അപകടം നടന്ന ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ വിമാനത്താവളത്തിൽ എത്തിയ ഇയാളെ തടഞ്ഞുവയ്ക്കുകയും തുടർന്ന് വടകര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇയാൾ നാട്ടിലേക്ക് എത്തുന്നത്.
2024 ഫെബ്രുവരി 17 നാണ് അപകടം നടന്നത്. പെണ്‍കുട്ടിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു. തുടർന്ന് മാര്‍ച്ച് 14 നായിരുന്നു പ്രതി വിദേശത്തേക്ക് കടന്നത്. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചത്. അപകടത്തെ തുടർന്ന് കോമയിലായ ദൃഷാന എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.