
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ട്രാൻസ്ജെൻഡേഴ്സിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ അടിയന്തിര റിപ്പോർട്ട് തേടി സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ:ആർ.ബിന്ദു. ലോറി ഡ്രൈവറുടെ കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഇരകൾ ആയവർക്ക് കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര നിർദേശം നൽകി. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും ഡോ:ആർ.ബിന്ദു പറഞ്ഞു.
ട്രാൻസ്മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ടെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.