Press Club Vartha

ആരോഗ്യ മേഖലയിലെ ആഗോള സഹകരണം ശക്തിപ്പെടുത്തും; കിംസ്‌ഹെല്‍ത്ത് സന്ദര്‍ശിച്ച് ആര്‍സിപിഎസ്ജി ഭാരവാഹികള്‍

തിരുവനന്തപുരം: ലോകത്തെ മുന്‍നിര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷനായ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്‌ഗോ (ആര്‍സിപിഎസ്ജി) പ്രസിഡന്റ് ഡോ. ഹാനി എറ്റീബ, വൈസ് പ്രസിഡന്റ് (മെഡിക്കല്‍) ഡോ. എറിക് ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ സന്ദര്‍ശനം നടത്തി.

ഫിസിഷ്യന്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഫെലോഷിപ്പുകളും അംഗത്വ അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷനാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ്. ആരോഗ്യ മേഖലയിലെ ആഗോള സഹകരണം, മെന്റര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം.

ആരോഗ്യമേഖലയില്‍ ആര്‍സിപിഎസ്ജിയുടെ സംഭാവനകളെ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പ്രശംസിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും രോഗീപരിചരണത്തിലും മെഡിക്കൽ അക്കാദമികളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി.

മെഡിക്കല്‍ വിദ്യാഭ്യാസവും തൊഴില്‍പരമായ മികവിനെയും പരിപോഷിപ്പിക്കുന്നതില്‍ റോയല്‍ കോളേജിന്റെ ഇടപെടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ഹാനി എറ്റീബ വ്യക്തമാക്കി. ഭാവിയില്‍ വൈദ്യശാസ്ത്ര വിജ്ഞാനത്തിനൊപ്പം രോഗീ പരിചരണത്തെക്കുറിച്ചുള്ള സമഗ്രമായ സമീപനവും ആരോഗ്യ വിദഗ്ധര്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍സിപിഎസ്ജിയും കിംസ്‌ഹെല്‍ത്തുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര എംആര്‍സിഎസ് ഫൈനല്‍ പരീക്ഷ തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി 80 സര്‍ജന്മാര്‍ പരീക്ഷയില്‍ പങ്കെടുക്കുകയും ചെയ്തു.

Share This Post
Exit mobile version