
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് പ്രണയ ദിനം ആഘോഷിക്കുന്നു.പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് ഇന്ന്. ഈ ദിനമാണ് ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ കൈമാറുകയും, ഇഷ്ടം അറിയിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നത്.
ഫെബ്രുവരി 7 മുതൽ പ്രണയദിന ആഘോഷങ്ങൾ ആരംഭിക്കും. ഫെബ്രുവരി 7 മുതൽ 14 വരെ ഓരോ ദിവസവും ഓരോ ദിനമായി ജനങ്ങൾ ആഘോഷിക്കുന്നു. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ടെഡ്ഡി ഡേ.
ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. തുടർന്ന് ഫെബ്രുവരി 14 വാലൻന്റൈൻ ദിനമായി ആഘോഷിക്കും.
എന്നാൽ വാലൻന്റൈൻ ദിന ചരിത്രം വേറെയാണ്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി.
അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു.
അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.