
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ. ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ ഓഫീസിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
എന്നാൽ സ്കൂളിലെ ക്ലർക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വയ്ക്കാൻ ക്ലർക്ക് സമ്മതിച്ചില്ല. സീൽ എടുത്തോട്ടെ എന്ന് ചോദിച്ച് സീൽ എടുത്തപ്പോൾ നിന്റെ അപ്പന്റെ വക ആണോ എന്ന് ക്‌ളർക്ക് ചോദിച്ചുവെന്നും കുടുംബം പറഞ്ഞു.
എന്നാൽ സംഭവത്തിൽ കുടുംബത്തിന്റെ പരാതി ശരിയല്ലെന്ന് ആരോപണവിധേയനായ ക്ലർക്ക് പറഞ്ഞു. പ്രിൻസിപ്പലിന്റെ മേശപ്പുറത്തിരുന്ന സീൽ വിദ്യാർത്ഥി എടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. പിന്നാലെ വിദ്യാർഥി തന്നോട് വഴക്കിട്ട് റൂമിൽ നിന്ന് പോയി എന്നാണ് ക്ലർക്ക് പറയുന്നത്.