Press Club Vartha

ലേഖന വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം: ലേഖന വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂർ. ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനം വൻ വിവാദം സൃഷ്ട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തിയത്.

നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം. സ്റ്റാർട്ടപ്പ് മേഖലയിൽ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തിൽ പറഞ്ഞത്. ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും തരൂർ പറഞ്ഞു. മാത്രമല്ല സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സർക്കാർ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ല. കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ല.

ആ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു.

സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.

Share This Post
Exit mobile version